Thursday 18 October 2012

     എന്തിനീ പിണക്കം
വെറുതെയാണെന്നിരിക്കിലും ഒന്നു
പരിചയപ്പെടുത്തട്ടെ അവനെ ഞാന്‍
എന്റെ കളിക്കൂട്ടുകാരനായിരുന്നവന്‍
എപ്പോഴും എന്നോടു കൂടെയുണ്ടായിരുന്നവന്‍
എന്നെ അവന്റെ കയ്യിലേല്പിച്ചെന്നമ്മ
ജോലികളെല്ലാം തീര്‍ത്തിരുന്നു
അവന്‍ പോകുമ്പോഴേ പിന്നെ
അമ്മ എന്നരികിലെത്താറുള്ളു.
ഓര്‍മ്മവെച്ചനാള്‍ മുതലവനെ ഞാന്‍
സ്നേഹിച്ചിരുന്നു ഒന്നുമോര്‍ക്കാതെ
പഠിക്കുന്നസമയത്തെന്നരികില്‍
അടങ്ങിയിരിക്കുമായിരുന്നവന്‍
കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും
മേടച്ചൂടില്‍ തളര്‍ന്നിരിക്കുമ്പോഴും
തനിച്ചാണു ഞനെങ്കിലവന്‍
എന്നടുത്തോടിയെത്തുമായിരുന്നു
എപ്പഴോവളര്‍ന്നുപോയൊരു പ്രേമമായതു
ഞനറിയാതെ എന്നെയും പ്രേമിച്ചവന്‍
കൗമാരം വിടപറഞ്ഞ് യൗവനം തുടിക്കുന്ന
നാളിലായിരുന്നങ്ങനെ ഭവിച്ചതും
ദൂരയാത്രയ്ക്കു ഞാന്‍ വണ്ടിയില്‍കേറിയാല്‍
ഉടനെന്നരികിലോടിയെത്തുമവന്‍
എങ്കിലും ഒരുവിളിപ്പാടകലെ
 നിര്‍ത്തുമായിരുന്നു ഞാനവനെ
പിന്നെപ്പിന്നെ എപ്പോഴുമവന്‍ പറയാതെ
അറിയാതെ എന്നരികിലോടിയെത്തും
കോളേജില്‍ പഠിക്കുന്നകാലത്ത്
കണക്ക് ക്ലാസ്സിലാണവനോടിയെത്തുക,
ആരേലും അറിഞ്ഞോയെന്നറിയാന്‍
ചുറ്റിലും കണ്ണോടിക്കവേ-"മിസ്സിന്റെ"
ചുണ്ടിലെ കള്ളപ്പുഞ്ചിരികണ്ടു
ജാള്യതയോടെ തലകുനിക്കും ഞാന്‍
ക്ഷീണം തോന്നുമ്പോഴൊക്കെയും
മിഴികളില്‍ തലോടിക്കൊണ്ടെന്നെ
സാന്ത്വനിപ്പിക്കാറുണ്ടായിരുന്നവന്‍
പകലിനേക്കാള്‍ രാത്രിയാണവന്
എന്നോടൊത്തിരിക്കാനേറെയിഷ്ടം
നേരംപുലര്‍ന്നാലും കിടക്കവിട്ട്
എഴുന്നേല്‍ക്കാന്‍ സമ്മതിക്കില്ലവന്‍
എന്നാല്‍ പിണക്കമാണീയിടെയായെന്നോടു
ചെറുകാര്യങ്ങള്‍ക്കുപോലും പിണങ്ങിപ്പിരിയും
പിന്നെയെത്രവിളിച്ചാലാണെന്നോ
അരികിലെത്തി മിഴിയിലൊന്നുതൊടുന്നതും
കാലം കഴിയുന്തോറും പിണക്കംമാറും
എന്നപ്രതീക്ഷയിലാണു ഞാനിന്നും
എന്തിനാണിനിയും എന്നോടുപിണക്കം
"പൊന്നുറക്കമേ" വന്നെന്‍ കണ്ണില്‍
ഒരു ചുംബനം തന്നേ പോ.....
"അവനാണ് നിങ്ങളുടേയും എന്റെയും പ്രിയപ്പെട്ട ഉറക്കം"........
                                                           പി.കെ.മേരി
                                                           ജി.യു.പി.എസ്സ്.വെള്ളാങ്ങല്ലൂര്‍ 

1 comment: