Wednesday 3 October 2012

               എങ്ങോ പോയ് മറഞ്ഞു

എങ്ങോ പോയ് മറഞ്ഞു, തുമ്പപ്പൂ പൂക്കും തൊടികളും
സന്ധ്യാദീപം തെളിക്കും കാവുകളും
ചെമ്മണ്‍പാതയ്ക്കിരുപുറവും നീളും വേലികളും
അവയില്‍ പടര്‍ന്നുപൂക്കും ശംഖുപുഷ്പവും,
കോളാമ്പിപ്പൂവും എങ്ങോപോയ് മറഞ്ഞു.
ഇളംകാറ്റില്‍ ഓടക്കുഴലൂതും മുളംകാടുകളും
ചെമ്പരത്തിപ്പൂവിലൂയലാടും കുഞ്ഞാറ്റക്കുരുവികളും
പൂവിലോ പൂവായ ചിത്രപതംഗങ്ങളും
ഇളവെയിലില്‍ എന്തോതിരയുന്ന പൂംതുമ്പികളും
മറുവാക്കു കേള്‍ക്കാന്‍ കൂകിത്തളരുന്ന-
പൂംകുയിലുകളും എങ്ങോ പോയ് മറഞ്ഞു.
ചെളിതുള്ളും പാടത്തെ ഞാറ്റുപാട്ടിന്നീണവും
തങ്കക്കതിരുകള്‍ കൊഞ്ചിക്കുഴയും വയലേലയും
കതിരു കൊയ്യാനെത്തുന്ന ശുകവൃന്ദവും
കൊയ്ത്തരിവാളിന്‍ മൂര്‍ച്ച കൂട്ടലും എങ്ങോ പോയ് മറഞ്ഞു
കണ്ണംചിരട്ടയില്‍ മണ്ണപ്പം ചുട്ടും
കളിമാവിന്‍ ചോട്ടിലെ മാമ്പഴം പെറുക്കിയും
കളിവീടൊന്നുണ്ടാക്കി അച്ഛനുമമ്മയും കളിച്ചും,
കഴിഞ്ഞനാളുകള്‍ എങ്ങോ പോയ് മറഞ്ഞു.
ഇലഞ്ഞിപ്പൂവിനാല്‍ കൊരുത്തൊരു മാലയും
ഇല്ലകാണുവാന്‍ പച്ചോലവാച്ചും,കളിപ്പന്തും,
ചേലൊത്തനാടിന്‍ മരതകച്ചേലയും,
കാല്‍ത്തളകിലുക്കി നൃത്തം ചവിട്ടുന്ന
അരുവികളും എങ്ങോ പോയ് മറഞ്ഞു.
                                   പി.കെ.മേരി.
                                   ജി.യു.പി.എസ്. വെള്ളാങ്കല്ലൂര്‍.                                 

1 comment:

  1. നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

    ReplyDelete