Sunday 11 November 2012

           അനുസരണയില്ലാത്ത മനസ്സ്
മനസ്സേ,നീ മൗനത്തിന്‍ മറനീക്കി
മായാതെ,മറയാതെ,ഓടിയൊളിക്കാതെ,
നാളുകളേറെയായ് പാടുപെടുന്നു.......
നിന്നെയെന്‍ കൈപ്പിടിയിലൊതുക്കാന്‍.
കൈവിട്ടുപോകാതെയെന്നെ,നീ
കാണാക്കയത്തില്‍ തള്ളിടാതെ...
ഓര്‍ക്കുവാനൊത്തിരി സ്വപ്നങ്ങളും
ഒരിത്തിരിസ്വകാര്യവും നിനക്കുസ്വന്തം.
ബാല്യത്തിലൊരു പൂമ്പാററയായ്
പാറിക്കളിച്ചെന്നകതാരില്‍...........
കൗമാരത്തില്‍ നുറുങ്ങുസ്വപ്നങ്ങളും
കലാലയസൗഹൃദവും നിനക്കുസ്വന്തം.
പിന്നീടെന്നോ നഷ്ടമായെനിക്ക്,
പറയാതെ നീയകന്നുപോയീ.....
ഓര്‍ക്കുവാന്‍ നേരമുണ്ടായില്ലൊട്ടും,നിന്നെ
ഓര്‍മ്മതന്‍ചെപ്പിലടച്ചുവെച്ചു.
പഠനത്തിന്‍ പിരിമുറുക്കങ്ങളും
ബിരുദവും ജോലിയും ജീവിതഭാരവും
കാലങ്ങളതിവേഗം കടന്നുപോയീ....
മാറ്റങ്ങള്‍ ജീവിതചര്യയായി.
സ്നേഹത്തിന്‍ തലോടലില്‍
ആനന്ദനൃത്തമാടീ....നീ
പിണക്കത്തിന്‍ ചുടുകാറ്റില്‍
കാര്‍മേഘങ്ങളായുരുണ്ടു കൂടി
ദുഃഖത്തിന്‍ നനുത്ത കാറ്റില്‍
പേമാരിയായ് കോരിചൊരിഞ്ഞു നീ...
കുറ്റപ്പെടുത്തലിന്‍ കൊടുങ്കാറ്റില്‍
പ്രക്ഷുബ്ധമായ തിരമാലകളായ് നീ.
അരുതേ..... മനസ്സേ.....പ്രതികരിക്കരുതേ
അടങ്ങൂ... സ്വയം ....ആശ്വസിക്കൂ.....
അനുസരണയില്ലാത്തതെന്തേ,നിനക്ക്..
അന്യയായ് തീര്‍ന്നോ ഞാന്‍?
                            
                                     ഐഷമുരളി
                                     ജി.യു.പി.എസ്.വെള്ളാങ്ങല്ലൂര്‍    

No comments:

Post a Comment